അറ്റ്ലാന്റാ (ജോർജിയ): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) സൗത്ത് ഈസ്റ്റ് റീജണൽ വൈസ് പ്രസിഡന്റായി (ആർവിപി) ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (ജിഎ, എഎൽ, എംഎസ്) സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
എറണാകുളം സ്വദേശിയായ ഷജീവ് നിലവിൽ അറ്റ്ലാന്റയിലാണ് താമസം. കേരള ഹിന്ദൂസ് ഓഫ് ജോർജിയയുടെസ്ഥാപകാംഗവും നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറുമാണ് ഷജീവ്.
ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) മുൻ പ്രസിഡന്റായും (2022) നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. കെഎച്ച്എൻഎയുടെ 2023-25 കാലയളവിലും സൗത്ത് ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് പദവി അദ്ദേഹം വഹിച്ചിരുന്നു.
ഭാര്യ ശാലിനി. മക്കൾ: അക്ഷജ്, അൻവിത. ഷജീവിന്റെ സംഘടനാ വൈദഗ്ധ്യവും സാംസ്കാരിക പ്രതിബദ്ധതയും സൗത്ത് ഈസ്റ്റ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ ഷജീവ് പത്മനിവാസിന് ആശംസകൾ നേർന്നു.